സിപിഎമ്മിൻ്റെ സമ്മേളനങ്ങളിലെ ശക്തിപ്രകടനങ്ങളിലും സമ്മേളന നഗിരിയിലെ സ്ഥിരം കേൾവിക്കാരായും കാണുന്ന രണ്ട് വിഭാഗങ്ങളാണുള്ളത്. അതിൽ ഒന്ന് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും മറ്റൊന്ന് കുടുംബശ്രീയുമാണ്. ഇതിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രധാനമായും സിപിഎമ്മിൻ്റ ചൂഷണം ഏറ്റവും കൂടുതൽ നേരിടുന്നത്. കുടുംബശ്രീയിലുള്ളവർക്ക് പാർട്ടി പോഷക സംഘടനകളിലും കമ്മിറ്റികളിലും എന്തിനേറേ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലും അത്യാവശ്യം പരിഗണന ലഭിക്കാറുണ്ട്. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അത്ര പ്രാധാന്യവും പ്രാതിനിധ്യവും പാർട്ടിയിലും ഭരണത്തിലും കിട്ടാറില്ല. എന്നാൽ പാർട്ടി പരിപാടികളുടെ ശക്തി തൊഴിലുറപ്പ് തൊഴിലാളികളാണ്. ആട്ടിൻ കൂട്ടങ്ങളെ തെളിച്ചു കൊണ്ടു പോകും പോലെ, പഴയ കാലത്തെ അടിമകളെ ചന്തയിലേക്ക് കൊണ്ടു പോകും പോലെ പാർട്ടിയുടെ ശക്തി തെളിയിക്കാനുള്ള തൊഴിലാളികൾ കൂടിയായി തൊഴിലുറപ്പ് തൊഴിൽ പദ്ധതിയെ ഒരു പരുവത്തിലാക്കിയെടുക്കാൻ സിപിഎമ്മിന് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സാധിച്ചിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങൾ വരുമ്പോൾ തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റ് പറയും പങ്കെടുക്കാൻ. വാഹനവും വെള്ളവും ഭക്ഷണവും ചായയും ഒക്കെ നൽകാൻ പാർട്ടിക്ക് മടിയില്ല. ചിലപ്പോൾ 100 രൂപയോ അതല്ലയെങ്കിൽ ഒരു തൊഴിൽ ദിനമോ ഒക്കെ ആ വകയിൽ പാവം തൊഴിലാളികൾക്ക് ലഭിച്ചിരുന്നു, ഇപ്പോൾ സൈറ്റിൽ നിന്നുള്ള ഫോട്ടോ ഒക്കെ തത്സമയം അപ് ലോഡ് ചെയ്യുന്നതിന് നിർദ്ദേശമുള്ളതിനാൽ തൊഴിൽ ദിനങ്ങൾ ഒക്കെ എളുപ്പത്തിൽ അനുവദിച്ചു കൊടുക്കാൻ കഴിയാറില്ല. എന്നാലും അല്ലറ ചില്ലറ സൗകര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കാറുമുണ്ട്. പക്ഷെ പാർട്ടി മുൻകൈ എടുത്ത് ഒരു യൂണിയനൊക്കെയുണ്ടാക്കി തൊഴിലുറപ്പു തൊഴിലാളികൾ സിപിഎമ്മിൻ്റെ കൊട്ടയിൽ നിന്ന് ചാടി പ്പോകാതെയിരിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി അടിമകളാക്കി മാറ്റാൻ ഏറ്റവും എളുപ്പമുള്ള വഴി യൂണിയൻ ഉണ്ടാക്കുക എന്നതാണെന്ന ബുദ്ധി മറ്റ് രാഷ്ട്രീയ കക്ഷികളേക്കാൾ മുൻപ് സിപിഎം മനസ്സിലാക്കിയത് അവരുടെ ബുദ്ധി മികമായി അഭിനന്ദിക്കണം. പക്ഷെ സിപിഎം യൂണിയൻ ഉണ്ടാക്കിയെങ്കിലും അതുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആകെയുണ്ടായ ഗുണം സ്വതന്ത്രരായിരുന്നവർ അടിമകളായി എന്നത് മാത്രമാണ്. തങ്ങൾക്ക് തൊഴിലും തൊഴിൽ ദിനങ്ങളും വേതനവും തരുന്നത് കേന്ദ്ര സർക്കാരാണ് എന്നും തങ്ങൾക്ക് തൊഴിൽ തന്ന പദ്ധതി കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയതാണെന്നും തിരിച്ചറിയുന്നവർ ഇല്ലാത്തതാണ് സിപിഎമ്മിന് നേട്ടമായത്.
2005 ൽ ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ആണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (Mahatma Gandhi National Rural Employment Guarantee Act, 2005)
പ്രഖ്യപിച്ചത്. അതിൻ്റെ സേവന വേതന നിബന്ധനകൾ ലളിതവും സുതാര്യവും ഏതൊരു ഘട്ടത്തിലും ആർക്കും പങ്ക് ചേരാൻ കഴിയുന്നതുമായ രൂപത്തിലാണ് തയാറാക്കിയിരുന്നത്. ദേശീയ വികസന പ്രവർത്തനത്തിൽ കാർഷിക മേഖലയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നതിനുമായി ഡോ.മൻമോഹൻ സിങ് സർക്കാർ രൂപകൽപന ചെയ്ത പദ്ധതിയിൽ വേതനം കാലാകാലം വർധിപ്പിച്ചു നൽകാൻ പോലും പിന്നീട് വന്ന സർക്കാരിന് സാധിച്ചില്ല. പക്ഷെ തൊഴിലാളികളുടെ മേൽ നിയന്ത്രണങ്ങളും നിബന്ധനകളും വർധിപ്പിച്ച രീതികളിൽ അടിച്ചേൽപ്പിക്കാനും രാഷ്ട്രീയ വേർതിരിവുകൾ സൃഷ്ടിക്കാനും അത് മുതലെടുക്കുവാനും അമിത ശുഷ്കാന്തിയായിരുന്നു സിപിഎമ്മിന്. ഇതേ സമയം പദ്ധതി തന്നെ എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തയിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. ഏത് നിമിഷം വേണമെങ്കിലും അത് സംഭവിക്കാം. ഇതിനിടയിലാണ് തൊഴിൽ ചെയ്യാൻ മാത്രം വഴിയുള്ള പാവം തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയ അടിമച്ചന്തയിലെന്നവണ്ണം സിപിഎം ദുരുപയോഗം ചെയ്യുന്നത്. 100 തൊഴിൽ ദിനങ്ങൾ എന്ന വ്യവസ്ഥ പാലിക്കാൻ പോലും ഇപ്പോഴും സർക്കാരുകൾക്ക് താൽപ്പര്യമില്ല. 300 തൊഴിൽ ദിനമെങ്കിലും ലഭ്യമക്കേണ്ട കാലം കഴിഞ്ഞു. ഇന്ത്യയുടെ കാർഷിക വ്യവസായ മേഖലകളിലേക്ക് പദ്ധതിയെ തിരിച്ചുവിടാൻ ഇനിയും സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. സമൂഹത്തിൽ അതിജീവനത്തിന് വേണ്ടി പോരാടുന്ന സാധാരണ മനുഷ്യരാണ് ഈ പദ്ധതിയിൽ ചേരുന്നത്, അവർക്കുള്ള അവശതകൾ മറന്ന് തൊഴിൽ ചെയ്യാൻ വരുന്നെങ്കിൽ അത് അവരുടെ അതിജീവന പോരാട്ടത്തിനുള്ള ശ്രമമായി കാണാതെ ചെയ്യ്തു കിട്ടുന്ന തൊഴിലിനെ വിചാരണ ചെയ്ത് മാർക്കിടുന്നവരും ഉണ്ട്. ഈ സ്ഥിതിയിൽ തന്നെ നിലനിർത്തിയാൽ മാത്രമേ പാർട്ടിക്ക് പ്രകടനത്തിൽ കൊടി പിടിക്കാൻ സ്ഥിരം അടിമ സംഘത്തെ ഒരുക്കാൻ സിപിഎം യൂണിയനുണ്ടാക്കിയത്.
പാർട്ടി സമ്മേളനങ്ങളിൽ പ്രകടനത്തിന് കൊടി പിടിക്കുക, സമ്മേളന നഗിരിയിലെ സദസ്സ് നിറയ്ക്കുക എന്നീ നേട്ടങ്ങളാണ് പാർട്ടിക്കുള്ളത്. അതിനായി ഇവരെ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പരിശോധന നടത്തണം. പ്രകടനത്തിലും സമ്മേളനത്തിനും കൊണ്ടു പോകുന്നെങ്കിൽ യാത്രാബത്തയും കൂലിയും നൽകാൻ പാർട്ടി തയാറാകണം എന്ന ആവശ്യം ശക്തമാകുന്നു. തൊഴിൽദാന പദ്ധതി കോൺഗ്രസ് നടപ്പിലാക്കിയതും അതിൻ്റെ വേതനം കേന്ദ്ര സർക്കാർ നല്കുന്നതുമായതിനാൽ സിപിഎമ്മിന് ഇക്കാര്യത്തിൽ പ്രത്യേക പ്രാധാന്യമൊന്നുമില്ല. സൗജന്യമായി അവരടെ പാർട്ടി പരിപാടികൾക്ക് ശക്തി പകരേണ്ട കാര്യവുമില്ല. സ്വന്തം ആവേ മുണ്ടെങ്കിൽ പോകുന്നത് അവരവരുടെ താൽപര്യം. ആ താൽപര്യം ഇല്ലാത്തവർക്ക് വേതനം നൽകാൻ പാർട്ടി തയാറാകണം. സമ്മേളനങ്ങളുടെ പേരിൽ ലക്ഷങ്ങളും കോടികളും പിരിച്ചെടുക്കുന്ന പാർട്ടിയിലെ മേലാളൻമാരും കങ്കാണികളും മാത്രം തിന്നു കുടിച്ച് സുഖിച്ചാൽ പോരല്ലോയെന്നാണ് തൊഴിലാളികൾ തന്നെ പറയുന്നത്.
Employment Guarantee Scheme workers and CPM slave trade. Workers who are taken to party meetings should be paid travel fare and wages.